Saturday, February 25, 2012

നക്ഷത്രങ്ങള്‍ ആകാശത്താണ്

താരകങ്ങള്‍
മേലെ കോവിലിലെ അലങ്കാര കോലങ്ങളാണ്..

എത്തിപ്പിടിക്കാനാവാത്ത അകലം
ദിവ്യ ശോഭയാല്‍ കത്തി നില്‍ക്കും..

കണ്ണുകള്‍ക്ക്‌
എണ്ണിയെണ്ണി ചികയാന്‍ ഇരവ് നല്‍കും

മോഹങ്ങള്‍ക്ക്
വാനോളമുയരാന്‍ ചിറക് നല്‍കും

വിഷാദ ങ്ങള്‍ക്ക് ചിരി തൂകും
വിരഹങ്ങള്‍ക്ക് ദൂത് പോകും
താപങ്ങള്‍ക്ക് അനുതാപമാകും
തരംഗങ്ങള്‍ക്ക് പ്രവാഹമേകും

കടല്‍ക്കരയിലും കടത്തിണ്ണയിലും
കൊട്ടാരമീതെയും കുടില്‍ മേട്ടിലും
ഒരേ കണ്‍നോട്ടങ്ങളാണെന്ന് കഥ പഠിപ്പിക്കും....
ഒടുവിലുപേക്ഷിച്ച് പോയവളെ നടുവില്‍ തോന്നിക്കും.....
മൃതിയടഞ്ഞവരും സ്മൃതിയിലാണ്ടവരും
മായികമായോരോ മിന്നിമറിയലുകളിലുയിര്‍ക്കും...
താനുമൊരു നക്ഷത്രമായെന്കിലെന്നു
ആത്മ ബോധങ്ങളെ പരവശമാക്കും.

കുഞ്ഞുങ്ങള്‍ക്ക് മുന്തിരിക്കൊതിയും
കുമാരിമാര്‍ക്ക് പട്ടിന്റെ മേലാടയും
യൌവനങ്ങള്‍ക്ക് തിളങ്ങുന്ന ചെന്ചോരയും
തീര്‍പ്പിലൊടുങ്ങുന്നവന് സ്വര്ഗ്ഗരാഗവും
പകര്‍ന്നു പടര്‍ന്നങ്ങനെ......

ഒടുക്കം നോക്കുന്നവന്റെ കണ്ണുകളില്‍
തനിയെ നക്ഷത്രങ്ങള്‍ വിരിഞ്ഞു തുടങ്ങുമ്പോഴവ
ചെറുതായൊന്നു മയക്കിക്കിടത്തും..
ഉണരുംപോളെങ്ങും താരങ്ങള്‍ കാണില്ല
നിലാവുണ്ടാവില്ല

തിരയുംപോഴാകാശത്ത് തീര്ച്ചയായുമുദിക്കും
പുലരിയുടെ വലിയ പകല്‍നക്ഷത്രം ..
ജ്വലിച്ച് നില്‍ക്കുക തീയായിരിക്കും..
വെളിച്ചവും ഇരുട്ടും
ഇരുട്ടില്‍ കുറെ നക്ഷത്രങ്ങളും
പിന്നെയും തുടര്‍ന്ന് കൊണ്ടേയിരിക്കും ...

1 comment:

  1. സൂപ്പർ.. നന്നായി ഇഷ്ടായി.

    ReplyDelete